കടുത്ത പരീക്ഷാച്ചൂടിലാണ് കുട്ടികളും മാതാപിതാക്കളും. വര്‍ഷാവസാനപ്പരീക്ഷകള്‍ കുട്ടികള്‍ക്ക് ഉത്കണ്ഠ നിറഞ്ഞതാണ്. എന്നാല്‍ മാതാപിതാക്കളുടെ പിന്തുണയും സന്ദര്‍ഭോചിതമായ ഇടപെടലുകളും കുട്ടികളില്‍ ആത്മവിശ്വാസം നിറയ്ക്കും. അതിനായി അമ്മമാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ..........
പരീക്ഷാക്കാലങ്ങളില്‍ കൂടുതല്‍ സമയം കുട്ടികളോടൊപ്പം വീട്ടില്‍ത്തന്നെ ഉണ്ടാകാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം. ഇത് കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തും. ജോലിയുള്ള അമ്മമാര്‍ക്ക് കുറച്ചു ലീവെടുക്കുകയോ, ഓഫീസില്‍നിന്ന് ഇടയ്ക്ക് വിളിക്കുകയോ, വീട്ടിലുള്ള സമയം കൂടുതലും അവര്‍ക്കുവേണ്ടി ചെലവഴിക്കുകയോ ചെയ്യാം.
*പഠനരീതികള്‍ മാറ്റേണ്ട*
ഓരോ കുട്ടിക്കും പഠിക്കുന്നതിന് അവരുടെതായ രീതികളുണ്ട്. പരീക്ഷാസമയത്ത് ഈ രീതികള്‍ മാറ്റേണ്ടതില്ല. വായിച്ചുപഠിക്കുന്നവര്‍ അങ്ങനെ പഠിക്കട്ടെ. രാത്രി ഏറെനേരം ഇരുന്ന് പഠിക്കുന്നവരോട് വെളുപ്പിന് എഴുന്നേറ്റ് പഠിക്കണമെന്ന് നിര്‍ബന്ധിക്കേണ്ട. മറ്റു കുട്ടികളുടെ പഠനശൈലിയുമായി താരതമ്യപ്പെടുത്തി സംസാരിക്കരുത്. സ്വന്തം കുട്ടിയുടെ കഴിവിലും പഠനരീതിയിലും വിശ്വസിച്ച് അവനെ/അവളെ പിന്തുണയ്ക്കുക.
*ടൈംടേബിള്‍ അറിയണം*
പരീക്ഷാ തീയതി, സമയം, ഓരോ ദിവസത്തെയും വിഷയം എന്നിവയെല്ലാം അമ്മമാര്‍ അറിയണം. അതിനനുസരിച്ചുവേണം പഠനത്തിനുള്ള സമയം ചിട്ടപ്പെടുത്താനും തയ്യാറെടുപ്പുകളെപ്പറ്റി ഓര്‍മപ്പെടുത്താനുമൊക്കെ. പരീക്ഷയ്ക്കു പോകുമ്പോള്‍ എടുക്കേണ്ട സാധനങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കണം.
*പ്രശ്‌നങ്ങളെ മുന്‍കൂട്ടി അറിയാം*
പരീക്ഷയെഴുതുമ്പോള്‍ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളൊക്കെ മുന്‍കൂട്ടിക്കണ്ട് അതിനായി എന്തൊക്കെ ചെയ്യാം എന്ന് കുട്ടികളോട് സംസാരിക്കുന്നത് നല്ലതാണ്. അറിയാത്ത ഒരു ചോദ്യം വന്നുവെന്നിരിക്കട്ടെ, സ്വാഭാവികമായും ടെന്‍ഷന്‍ കൂടും. ഇത്തരം അവസരത്തില്‍ പ്രയോഗിക്കാന്‍ ചില എളുപ്പവിദ്യകള്‍ കുട്ടികളെ ശീലിപ്പിക്കാം. ടെന്‍ഷന്‍ കുറയ്ക്കാന്‍ അല്പനിമിഷം കണ്ണുകളടച്ച് പതുക്കെ ക്രമമായി പത്തുതവണ ശ്വാസോച്ഛ്വാസം ചെയ്യാം. ഒപ്പം കുറച്ചു വെള്ളം കുടിക്കാം.
*നല്ല ഭക്ഷണം*
ജങ്ക് ഫുഡുകള്‍ ഒഴിവാക്കാം. പഴങ്ങളും നാരുകളടങ്ങിയ ഭക്ഷണവും പച്ചക്കറികളും കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക. പയര്‍-ധാന്യവര്‍ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ആവിയില്‍ വേവുന്ന ഭക്ഷണം കൂടുതല്‍ ഉത്തമം. വിശന്നിരുന്ന് പഠിക്കാന്‍ പാടില്ല. വിശപ്പുള്ള സമയം തന്നെ ഭക്ഷണം കഴിപ്പിക്കുക. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളവും പഴച്ചാറുകളും നല്‍കുക. ചായ, കാപ്പി, കോള എന്നിവ ഒഴിവാക്കാം.
*വിശ്രമം, ഉറക്കം*
ആവശ്യത്തിനു വിശ്രമവും ഉറക്കവും കുട്ടികള്‍ക്കു ലഭിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. പരീക്ഷയോടടുത്ത ദിനങ്ങളിലും തലേദിവസവും ഉറക്കമൊഴിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കരുത്. ഉറങ്ങാന്‍ പോകുന്നതിന് ഒരുമണിക്കൂര്‍ മുന്‍പെങ്കിലും പഠനം അവസാനിപ്പിക്കാന്‍ ശ്രമിക്കണം. ചുരുങ്ങിയത് ആറു മണിക്കൂറെങ്കിലും കുട്ടികള്‍ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കണം.
*സ്വന്തം ടെന്‍ഷന്‍ കുറയ്ക്കുക*
അമ്മമാരുടെ ടെന്‍ഷന്‍ കുട്ടികളില്‍ കൂടുതല്‍ ഭയമുളവാക്കും. കുട്ടികളുടെ മുന്നില്‍ അമ്മമാര്‍ അസ്വസ്ഥരാകാതിരിക്കുക. നിങ്ങളുടെ പഠനകാലത്തുണ്ടായിരുന്ന പഠനപ്രശ്‌നങ്ങളും സ്ഥിതിവിശേഷങ്ങളും സാമൂഹികപ്രശ്‌നങ്ങളും ഇന്നത്തേതുമായി താരതമ്യം ചെയ്യാതിരിക്കുക. മറ്റുള്ളവര്‍ക്കോ നിങ്ങള്‍ക്കോ പരീക്ഷയിലുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവെക്കരുത്.......
കടപ്പാട്: മാതൃഭൂമി ആരോഗ്യ മാസിക
No comments:
Post a Comment