സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ അതിവേഗം ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറുന്നു. പേരിന് ഒരു ഡിവിഷന്‍ മലയാളമായി നിലനിര്‍ത്തി ബാക്കി ഡിവിഷനുകളെല്ലാം ഇംഗ്ലീഷ് മീഡിയമാക്കി മാറ്റുകയാണ്. നിലനിര്‍ത്തുന്ന മലയാളംമാധ്യമക്ലാസ് കടലാസില്‍ മാത്രമാണെന്നു ആരോപണമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി.ടി.എയും സ്വകാര്യ സ്‌കൂളുകളില്‍ മാനേജ്‌മെന്റും ചേര്‍ന്നാണ് സ്‌കൂള്‍ സംരക്ഷണത്തിനെന്ന പേരില്‍ മാതൃഭാഷാവധം നടത്തുന്നത്. ജോലി സംരക്ഷിക്കാന്‍ അധ്യാപകരും അധ്യാപക സംഘടനകളും ഇതിന് ഒത്താശ ചെയ്യുന്നു. സംസ്ഥാനത്തെ 13,197 പൊതുവിദ്യാലയങ്ങളില്‍ 4,169 സ്‌കൂളുകളിലെ ഭൂരിപക്ഷം ഡിവിഷനുകളും ഇംഗ്ലീഷ് മാധ്യമത്തിലേക്ക് മാറിക്കഴിഞ്ഞു. 2012-ല്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാതൃഭാഷാ വിരുദ്ധമായ ഉത്തരവും ഇംഗ്ലീഷ് മാധ്യമവത്കരണത്തിന് ബലമേകുന്നു. വിദ്യാലയത്തില്‍ ഒരു ക്ലാസിന് രണ്ട് ഡിവിഷനുണ്ടെങ്കില്‍ മലയാളം ഡിവിഷന്‍ നിലനിര്‍ത്തി 30 കുട്ടികള്‍ക്ക് ഒന്നെന്ന തോതില്‍ ഇംഗ്ലീഷ് മാധ്യമം തുടങ്ങാമെന്നതായിരുന്നു ഉത്തരവ്. മൂന്ന് ഡിവിഷനുണ്ടാവുകയും 30 കുട്ടികളെങ്കിലും ആവശ്യപ്പെടുകയും ചെയ്താല്‍ ഒന്ന് ഇംഗ്ലീഷാക്കാമെന്നായിരുന്നു മുമ്പത്തെ ചട്ടം. 2012-ലെ ഉത്തരവിനുമുമ്പ് ഏതാനും സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ചുരുങ്ങിയ ഡിവിഷനുകളിലേ ഇംഗ്ലീഷ് മാധ്യമം ഉണ്ടായിരുന്നുള്ളൂ. 2012-ലെ നിയമം എല്‍.പി., യു.പി. സ്‌കൂളുകളിലാണ് ആദ്യം ആവിഷ്‌കരിച്ചത്. വരുന്ന അധ്യയന വര്‍ഷത്തോടെ ഇത് ഹൈസ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലുള്ള എല്‍.പി, യു.പി. സ്‌കൂളുകളുടെ എണ്ണം 9,274 ആണെന്നിരിക്കെ ഇപ്പോള്‍ 4,169 സ്‌കൂളുകളും ഇംഗ്ലീഷ് മാധ്യമത്തിലേക്കു മാറിക്കഴിഞ്ഞു. നഗരപ്രദേശങ്ങളിലെ ഗവ., സ്വകാര്യ സ്‌കൂളുകളില്‍ മലയാളം മാധ്യമം ഇപ്പോള്‍ മേമ്പൊടിക്ക് മാത്രമായി. ഔദ്യോഗികമായി സര്‍ക്കാര്‍ അനുവാദമില്ലാത്തതിനാല്‍ സൗജന്യ മലയാള പാഠപുസ്തകങ്ങള്‍ ചില സ്‌കൂളുകള്‍ വെറുതെ വാങ്ങി നശിപ്പിക്കുന്നു. അംഗീകാരമില്ലാത്ത ഇംഗ്ലീഷ് പ്രൈമറി ക്ലാസുകളില്‍ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ വാങ്ങി പഠിപ്പിക്കുകയും ചെയ്യുന്നു. 2012-നു ശേഷമാണ് പ്രൈമറി സ്‌കൂളുകളില്‍ വ്യാപകമായി ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങിയത്. കെ.ഇ.ആറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെങ്കിലും പൊതുവിദ്യാലയത്തിലെ അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയെ വിദ്യാഭ്യാസ വകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്. ഈ പ്രീപ്രൈമറി കുട്ടികളെ ഒന്നാം ക്ലാസിലേക്ക് ചേര്‍ക്കുന്നത് ഇംഗ്ലീഷ് മീഡിയത്തിലാണ്. അണ്‍എയ്ഡഡ് സ്‌കൂളുകള്‍ കേരളത്തിലെ മാതൃഭാഷാധിഷ്ഠിത പൊതുവിദ്യാഭ്യാസം തകര്‍ക്കുന്നുവെന്നാരോപിച്ച് പൊതുവിദ്യാലയ സംരക്ഷണവലയം സൃഷ്ടിച്ച വിദ്യാഭ്യാസ വകുപ്പിന് ഇത് സംബന്ധിച്ച് കണക്ക് പോലുമില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 1,282 സ്‌കൂളുകളിലായി നാല് ലക്ഷത്തില്‍പരം വിദ്യാര്‍ഥികളാണ് അണ്‍എയ്ഡഡ് ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നത്. ഗവ., സ്വകാര്യ സ്‌കൂളുകളിലായി 41 ലക്ഷത്തിലേറെയും. അധ്യായന മാധ്യമം എന്നനിലയില്‍നിന്ന് മലയാളത്തെ മാറ്റി നിര്‍ത്തുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി മുന്നില്‍ നില്‍ക്കുന്നത് സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ തുടങ്ങിയ പൊതുവിദ്യാലയങ്ങളുടെ കണക്ക്. കാസര്‍കോട് 121 കണ്ണൂര് 314 വയനാട് 106 കോഴിക്കോട് 355 മലപ്പുറം 580 പാലക്കാട് 264 തൃശ്ശൂര് 432 എറണാകുളം 391 കോട്ടയം 311 ആലപ്പുഴ 274 ഇടുക്കി 152 പത്തനംതിട്ട 138 കൊല്ലം 342 തിരുവനന്തപുരം 389
No comments:
Post a Comment